2010, മേയ് 8, ശനിയാഴ്‌ച

പെൺ വൃക്ഷം

കറുപ്പ​‍ാണു തടി
മിനുത്തത്
കടയ്ക്കലല്പം പരന്നത്
മെല്ലിച്ചു നീണ്ടത് .

രണ്ടു ശാഖകൾ- ദുർബലം
നീണ്ട നാരുകൾ തൂങ്ങുന്നത്
ഇലകൾ വിളർത്തത്
മണമില്ലാതെ പൂക്കുന്നത്
രണ്ടു കായ്കളെ പെറ്റത്

ചുറ്റിനും കെട്ടണം വേലി
കൊമ്പുകളുമൊതുങ്ങണം
ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .
ഒരു കാറ്റിലുമാടരുത്
ഒരു കിളിയും വരരുത്
വെള്ളമോ വളമോ തേടി
വേലി ചാടരുത്,
വേരു പോലും.

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഭര്‍തൃമതി

കാറ്റിനു ആയിരം കൈകളെന്ന്
അദ്ദേഹം-
അവ എന്നെ തലോടുമെന്നും
ആള്‍ക്കൂട്ടത്തിനു ആയിരം കണ്‍കളെന്നു
അദ്ദേഹം-
അവ എന്നെ കൊത്തിപ്പറിക്കുമെന്നും
ഞാന്‍ നടക്കുന്ന വഴിത്താരകളില്‍
ഞാനേറുന്ന വാഹനങ്ങളില്‍
എന്റെതൊഴിലിടങ്ങളില്‍
എന്റെ സൌഹൃദക്കൂട്ടങ്ങളില്‍
എനിക്കായി കമ്പിയില്ലാക്കമ്പികളെന്നു
അദ്ദേഹം
ഓരോ പച്ചവെളിച്ചവും എനിക്കുള്ളതെന്നും-
പറയൂ,
എനിക്കണിയാന്‍
ഏതു മൂടുപടം?
എനിക്കൊളിക്കാന്‍
ഏതു ഗുഹ?
എന്നെ സംരക്ഷിക്കാന്‍
ഏതു പേടകം?